ന്യൂഡൽഹി: കരസേന മേധാവിയായി ലഫ്. ജനറൽ ധീരജ് സേത്ത് ഈ മാസം 30ന് ചുമതലയേൽക്കും. നിലവിലെ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലാണു നിയമനം.
നിലവിൽ കരസേന ഉപമേധാവിയാണ് ലഫ്. ജനറൽ ധീരജ് സേത്ത്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവവിദ്യാർഥിയായ ഇദ്ദേഹം 1986 ഡിസംബറിലാണ് സൈനികസേവനം ആരംഭിക്കുന്നത്.
നാലു പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിൽ തന്ത്രപരമായ സൈനികനീക്കങ്ങൾ, സൈനികശേഷി വികസനം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. കരസേനയുടെ മുൻനിര സ്ട്രൈക്ക് ഫോർമേഷനുകളിൽ ഒന്നായ സുദർശൻ ചക്ര കോറിന്റെ കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്.
ആർമി കമാൻഡർ പദവിയിലെത്തിയശേഷം സൗത്ത് വെസ്റ്റേണ്‍ കമാൻഡ്, സതേണ്‍ കമാൻഡ് എന്നീ രണ്ട് പ്രമുഖ ഓപ്പറേഷണൽ ആർമി കമാൻഡുകളുടെ കമാൻഡറായി രണ്ടര വർഷത്തിലേറെ ലഫ്. ജനറൽ സേത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.